കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയാണ് പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ, മറ്റ് പ്രതികളുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ എന്നിവയിൽ വ്യക്തത നേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.
ഇതിനിടെ, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച ജാമ്യഹർജികളിൽ നാളെ കോടതി വിധി പറയും. രണ്ട് കേസുകളിലും അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനെ തുടർന്നാണ് മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയത്. അനുകൂല വിധി ലഭിച്ചാൽ ജാമ്യം നേടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാകും അദ്ദേഹം.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ കേസിൽ കഴിഞ്ഞ ദിവസം സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ കാലാവധി പൂർത്തിയാകാത്തതിനാൽ അദ്ദേഹം ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.






