തിരുവനന്തപുരം: ശബരിമല മേൽശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കാൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർത്തതിനെ തുടർന്നാണ് നടപടി. മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ട രണ്ട് തന്ത്രിമാരിൽ ഒരാളാണ് കണ്ഠരര് രാജീവർ. എന്നാൽ കേസിലെ സാഹചര്യം പരിഗണിച്ചാണ് അദ്ദേഹത്തെ അഭിമുഖത്തിന് വിളിക്കേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചത്.
തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ തന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അനാരോഗ്യം കാരണം തന്ത്രി സ്ഥാനത്തെ ചടങ്ങുകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സാഹചര്യത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.
താഴമൺ കുടുംബത്തിൽ നിന്നുള്ള തന്ത്രിമാരാണ് ശബരിമലയിലെ താന്ത്രിക ചുമതല വഹിക്കുന്നത്. നിലവിൽ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി. ഓഗസ്റ്റ് മുതൽ തന്ത്രി സ്ഥാനത്ത് കണ്ഠരര് രാജീവർ എത്തേണ്ടതായിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രി സ്ഥാനത്തെ ചുമതല മകന് കൈമാറണമെന്ന ആവശ്യം കണ്ഠരര് രാജീവർ മുന്നോട്ടുവച്ചത്.



