മലപ്പുറം: വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി നീട്ടുന്നതിന് കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്. എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിന്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.




