കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരം നിലനിർത്തിയ മടവൂർ ഗ്രാമപഞ്ചായത്തിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ പഞ്ചായത്ത് അംഗം കൂടിയായ സഫിയ മുഹമ്മദിന്റെ പേര് സജീവമായി പരിഗണിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ്സിന്റെ സി.കെ. ഗിരീഷ് കുമാറിനെയാണ് പരിഗണിക്കുന്നത്.
മുസ്ലിം ലീഗ് ടിക്കറ്റിൽ ആരാമ്പ്രം ചക്കാലക്കൽ 13-ാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് സഫിയ മുഹമ്മദ് വീണ്ടും പഞ്ചായത്ത് അംഗമായത്. പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള പരിചയത്തിന് പുറമെ, മുൻ സിഡിഎസ് ചെയർപേഴ്സൺ, വനിതാ ലീഗ് പ്രസിഡണ്ട് എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ്സിന്റെ മണ്ഡലം മുൻ പ്രസിഡന്റ് കൂടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന സി.കെ. ഗിരീഷ് കുമാർ.
പുതിയ ഭരണസമിതിയിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ, യു.ഡി.എഫിന് 14 അംഗങ്ങളുടെയും എൽ.ഡി.എഫിന് 5 അംഗങ്ങളുടെയും പിന്തുണയാണുള്ളത്.






