റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ രാജ്യത്ത് നടത്തിയ സംയുക്ത ഫീൽഡ് പരിശോധനകളിൽ 18,700 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 10,700 പേർ താമസ നിയമലംഘകരും, 4,000 പേർ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 382 പേരെയും, രാജ്യത്തേക്ക് അനധികൃതമായി കടന്നുവരാൻ ശ്രമിച്ചതിന് 1,479 പേരെയും പിടികൂടി. ഇവരിൽ 59 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരുമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്ത് നിന്ന് അനധികൃതമായി പുറത്തേക്ക് പോകാൻ ശ്രമിച്ച 52 പേരെയും സുരക്ഷാ സേന തടഞ്ഞു. നിയമലംഘകരെ സഹായിച്ച് താമസ സൗകര്യം നൽകിയതിനും അഭയം ഒരുക്കിയതിനുമായി 17 പേരെ അറസ്റ്റ് ചെയ്തു.
ഒരാഴ്ചക്കിടെ 11,500 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 33,000 ലധികം പേർ ഡിപ്പോർട്ടേഷൻ സെന്ററുകളിൽ കഴിയുകയാണ്. ഇവരിൽ 29,000 പുരുഷന്മാരും 2,000 സ്ത്രീകളുമാണ്. സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള യാത്രാ രേഖകൾ ക്രമപ്പെടുത്തുന്നതിനായി 25,000 ലധികം പേരെ അവരുടെ രാജ്യങ്ങളിലെ എംബസികളിലേക്ക് കൈമാറി.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവർക്കോ, അവരെ സഹായിക്കുന്നവർക്കോ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിൽ 911-ലും, മറ്റ് പ്രദേശങ്ങളിൽ 996, 999 നമ്പറുകളിലും വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.






