റിയാദ്: സൗദി അറേബ്യയിൽ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഉച്ചസമയത്തെ ജോലിനിരോധനം പ്രാബല്യത്തിൽ വന്നു. തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന മേഖലകളിലും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നിരോധിച്ചിരിക്കുകയാണ്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഇത്തവണയും കർശനമായി നടപ്പാക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം 94 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും നിയമം പാലിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
നിരോധനകാലത്ത് നിയമലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച് പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കും. അന്താരാഷ്ട്ര തൊഴിൽസുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽപരിസരം ഒരുക്കുകയാണ് ലക്ഷ്യം.
നിയമം പാലിക്കുന്നത് ഒരു നിയമബാധ്യത മാത്രമല്ല, തൊഴിലാളികളോടുള്ള മാനുഷികവും പ്രൊഫഷണൽവുമായ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. മികച്ച തൊഴിൽ സാഹചര്യങ്ങൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയും സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയും വർധിപ്പിക്കുമെന്നും തൊഴിൽ സമയം അതനുസരിച്ച് ക്രമീകരിക്കാൻ എല്ലാ തൊഴിലുടമകളോടും മന്ത്രാലയം അഭ്യർഥിച്ചു.






