റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ കേന്ദ്രമായ ദമ്മാമിൽ വൻ തീപിടിത്തം. അൽ അമാമ്ര മേഖലയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്.
മലയാളികളടക്കം നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഏകദേശം 30 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.
വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങളും രക്ഷാപ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.












