ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.
തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരും അപകടത്തിൽ മരിച്ചു. വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചു. തായിഫ്–റാനിയ റോഡിലാണ് അപകടം ഉണ്ടായത്. സൗദിയിലെ സർക്കാർ ഡിസ്പെൻസറിയിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു മരിച്ചവർ. അവധി ദിവസമായതിനാൽ റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.




