കാസർകോട്: ക്വിസ് മത്സരത്തിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടർനടപടികളിലേക്ക്. സംഭവത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് അധ്യാപകർക്ക് കൂടി നോട്ടീസ് നൽകി. ചോദ്യങ്ങൾ തയ്യാറാക്കാൻ സഹായിച്ച കുമ്പള ഉപജില്ലയിലെ അധ്യാപകർക്കാണ് നോട്ടീസ് അയച്ചത്.
അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എഇഒമാർക്കും വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ അധ്യാപകനെതിരെ സ്കൂൾ തലത്തിൽ അച്ചടക്ക നടപടി തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ നടന്ന എൽപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിനായി തയ്യാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യവും ഉത്തരവുമാണ് വിവാദമായത്. ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു നൽകിയിരുന്നത്.
ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ ഓഗസ്റ്റ് ഒന്നിന് തന്നെ വിദ്യാഭ്യാസ വകുപ്പിലെ എഇഒയ്ക്ക് അയച്ചിരുന്നെന്നും എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും ഗുരുപ്രസാദ് കോടതിയിൽ വാദിച്ചിരുന്നു.
അതേസമയം, രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, ഔദ്യോഗിക കൃത്യവിലോപത്തിന്റെ പേരിലാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.


