കോഴിക്കോട്: മൂന്ന് ദിവസം നീളുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംഘടനാ രേഖ അവതരിപ്പിക്കും.
തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുണ്ടായ വീഴ്ചകളിൽ സ്വയം വിമർശനവും ആവശ്യമായ തിരുത്തലുകളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളടങ്ങിയതാണ് സംഘടനാ രേഖയെന്നാണ് പുറത്തുവരുന്ന വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളുമാണ് സംഘടനാ രേഖയിന്മേലുള്ള ചർച്ചകളിൽ പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചകളിൽ പങ്കെടുക്കില്ല.
ചരിത്രത്തിലെ തന്നെ വലിയ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയാണ് സിപിഐഎം അസാധാരണമായ സംഘടനാ നടപടികളിലേക്ക് കടക്കുന്നത്. സാധാരണയായി മേൽഘടകം തയ്യാറാക്കുന്ന റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്ത് അംഗീകരിക്കുന്നതാണ് പാർട്ടി രീതി. എന്നാൽ ഇത്തവണ ബ്രാഞ്ച് തലം മുതൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ചർച്ച ചെയ്ത് അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം തന്നെ സിപിഐഎമ്മിന്റെ സാധാരണ സംഘടനാ രീതിയിൽനിന്ന് വ്യത്യസ്തമായ നടപടിയാണ്. ഒൻപത് പോളിറ്റ് ബ്യൂറോ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പാർട്ടിയുടെ വീഴ്ചകളിൽ സ്വയം വിമർശനം നടത്തുന്നതിനൊപ്പം പരിഹാര മാർഗങ്ങളും ഉൾപ്പെടുന്ന മാർഗരേഖയും യോഗത്തിൽ അവതരിപ്പിക്കും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, നേതാക്കൾ വിനയത്തോടെ പെരുമാറുക, യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക, യുവ നേതാക്കളെ വളർത്തിയെടുക്കുക തുടങ്ങിയ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്.
വർഗ-ബഹുജന സംഘടനകളുടെ ദൗർബല്യങ്ങൾ പരിഹരിക്കുക, മതനിരപേക്ഷ നിലപാട് ശക്തിപ്പെടുത്തുക, കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും കൂടുതൽ സജീവമാക്കുക, വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കുക തുടങ്ങിയ നിർദേശങ്ങളും രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഴ്ചകൾ പരിഹരിക്കുന്നതിൽ കാലതാമസം വരുത്തിയാൽ കൂടുതൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മാർഗരേഖയിലുണ്ട്.


