തിരുവനന്തപുരം: നവംബര്‍ മാസത്തിൽ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.
യോഗത്തിൽ സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റ പണികൾ ഉടൻ പൂര്‍ത്തിയാക്കും, കര്‍ശന സുരക്ഷ സംവിധാനങ്ങൾ ഒരുക്കും എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. ഫാൻ മീറ്റ് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും പാർക്കിംഗ്, ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം, മാലിന്യ സംസ്കരണം തുടങ്ങിയ ക്രമീകരണങ്ങളും ഏര്‍പ്പാടാക്കും.
മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഐ.എ.എസ് ഓഫീസറെ നിയമിക്കുകയും, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ സംസ്ഥാനതലത്തിൽ പ്രവർത്തിപ്പിക്കുകയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അധിക ചുമതല ഏറ്റെടുക്കുകയും ചെയ്യും.
യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വ്യവസായ മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ് ചന്ദ്രശേഖർ, വിവിധ വകുപ്പുകളുടെ മേധാവികൾ എന്നിവരും പങ്കെടുത്തു.




