ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന അത്യാധുനിക ഡീസെൻട്രലൈസ്ഡ് മെസ്സേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്തിരിക്കുന്ന റൊപ്പോസിറ്ററികൾനീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിച്ച പ്രതിഷേധക്കാർക്കിടയിൽ ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ് ചാറ്റ് പോലുള്ള ആപ്പുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. ബിറ്റ് ചാറ്റിന്റെ വിവിധ ആപ്പ് വേർഷനുകളിലേക്കുള്ള ഗിറ്റ്ഹബ്ബ് യുആർഎൽ നീക്കം ചെയ്യാനാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
ഇതു സംബന്ധിച്ച ഉത്തരവ് ഗിറ്റ്ഹബ്ബിന് കൈമാറിയതായി ബിറ്റ് ചാറ്റ് സ്ഥാപകൻ ജാക്ക് ഡോർസി വെളിപ്പെടുത്തി. ഉത്തരവിന്റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു. ഇന്ത്യൻ ഭരണകൂടം ബിറ്റ് ചാറ്റ് പോലുള്ള സാങ്കേതിക വിദ്യകൾ ഇഷ്ടപ്പെടുന്നില്ല. അത് നീക്കം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു എന്ന കുറിപ്പും അദ്ദേഹം എക്‌സിൽ പങ്കുവെച്ചു.
എന്താണ് ബിറ്റ് ചാറ്റ്?
ജാക്ക് ഡോർസി രൂപകല്പന ചെയ്ത, മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റോ കേന്ദ്രീകൃത സെർവറുകളോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് മെഷ് നെറ്റ്വർക്കുകൾ വഴി പിയർ-ടു-പിയർ മെസ്സേജിങ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് ബിറ്റ്ചാറ്റ്. ഫോൺ നമ്പർ വേരിഫിക്കേഷനോ യൂസർ രജിസ്‌ട്രേഷനോ ഇല്ലാതെ അജ്ഞാതമായി ആശയവിനിമയം നടത്താൻ ഇതുവഴി കഴിയും. ഐടി ആക്ടിലെ ഭേദഗതി ചെയ്ത ‘റീസൺഡ് ഇന്റിമേഷൻ’ സംവിധാനം ഉപയോഗിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾക്കോ വിഡിയോകൾക്കോ പകരമായി ഒരു ആപ്പിന്റെ സ്രോതസ്സ് കോഡ് (Source Code) തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നത് ആദ്യ സംഭവങ്ങളിലൊന്നാണ്.
എന്തുകൊണ്ട് തടയുന്നു
ഈ ആപ്പ് പൊലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ വിവരങ്ങൾ ട്രാക്ക് ചെയ്യാനോ അന്വേഷണം നടത്താനോ സാധിക്കില്ല. കലാപങ്ങൾ, തീവ്രവാദം, ഇന്റർനെറ്റ് ഷട്ട്ഡൗൺ തുടങ്ങിയ സാഹചര്യങ്ങളിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനും ആളെ വെളിപ്പെടുത്താതെ ആശയവിനിമയം ചെയ്യാം എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്്ക്കും ഇത് ഭീഷണിയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
ബ്ലൂടൂത്ത് മെഷ്: സാങ്കേതികവിദ്യ ഉപയോഗിച്ച് തൊട്ടടുത്തുള്ള ഉപകരണങ്ങൾ തമ്മിൽ നേരിട്ട് (Peer-to-Peer) ആശയവിനിമയം നടത്താൻ സഹായിക്കുന്ന ആപ്പാണ് ബിറ്റ്ചാറ്റ്.
റജിസ്ട്രേഷൻ ഇല്ല: ഫോൺ നമ്പറോ ഉപയോക്താക്കളുടെ വിവരങ്ങളോ റജിസ്റ്റർ ചെയ്യാതെ തന്നെ പൂർണ്ണമായും അജ്ഞാതമായി സംസാരിക്കാൻ ഇത് സൗകര്യമൊരുക്കുന്നു.
സെൻട്രലൈസ്ഡ് സെർവറുകളോ കമ്യൂണിക്കേഷൻ ലോഗുകളോ ഇല്ലാത്തതിനാൽ ക്രമസമാധാന പാലകർക്ക് ഉപയോക്താക്കളുടെ ഉറവിടം കണ്ടെത്താനോനിയമപരമായ നിരീക്ഷണങ്ങൾ നടത്താനോസാധിക്കില്ല.
ഇപ്പോൾ നീക്കം ചെയ്യുന്നത്
ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000ലെ സെക്ഷൻ 43, 84ബി, 84സി, കൂടാതെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023ലെ സെക്ഷൻ 61 തുടങ്ങിയ നിയമങ്ങളുടെ ലംഘനം നടത്തിയെന്ന് കാണിച്ചാണ് ബിറ്റ് ചാറ്റ് ആപ്ലിക്കേഷൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവിരുദ്ധ കൂട്ടായ്മകൾ ഏകോപിപ്പിക്കാനും, അക്രമങ്ങൾക്കും കലാപങ്ങൾക്കും ആഹ്വാനം ചെയ്യാനും, വ്യാജവാർത്തകളും ഭീകരവാദ ആശയങ്ങളും പ്രചരിപ്പിക്കാനും ഇത്തരത്തിലുള്ള ഡീസെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുകൾ ചൂണ്ടിക്കാണിക്കുന്നു.
പ്രതിഷേധ സമരത്തെ നേരിടാൻ പ്രദേശത്ത് ഇന്റർനെറ്റ്, മൊബൈൽ കണക്ടിവിറ്റി എന്നിവ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇതോടെ, സമരക്കാർ ബ്ലൂടൂത്ത് അധിഷ്ഠിത മെഷ് നെറ്റ്വർക്ക് ആപ്പുകളിലേക്ക് മാറിയെന്ന സംശയം ഉയർന്നു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഗിറ്റ്ഹബ്ബ് ലിങ്കുകൾ നീക്കം ചെയ്യുകയോ ആക്‌സസ് ബ്ലോക് ചെയ്യുകയോ വേണം. അല്ലാത്തപക്ഷം ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
സാങ്കേതികവിദ്യയുടെ വളർച്ച വ്യക്തിസ്വാതന്ത്ര്യത്തിനും അജ്ഞാതത്വത്തിനും (Privacy & Anonymity) മുൻഗണന നൽകുമ്പോൾ, അത് രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും വലിയ ഭീഷണിയാകുന്നുവെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി നൽകുന്നത്. ഡിജിറ്റൽ ലോകത്തെ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും ക്രമസമാധാന പരിപാലനവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിന്റെ തുടക്കമായി ബിറ്റ്‌ചാറ്റിനെതിരെയുള്ള ഈ നീക്കം കാണപ്പെടാം.












