ചെന്നൈ: ഐപിഎല്ലില്‍ അടുത്ത സീസണില്‍ കളിക്കാനുണ്ടാവില്ലെന്ന സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ആര്‍.അശ്വിന്‍. അടുത്ത ഐപിഎല്ലിന് മുമ്പ് ടീമില്‍നിന്ന് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് അശ്വിന്‍ ടീം മാനേജ്‌മെന്റിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് 9.75 കോടി രൂപക്കാണ് അശ്വിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരികെ എത്തിച്ചത്. 2009 മുതല്‍ 2015വരെ ഐപിഎല്ലില്‍ ചെന്നൈക്കായി കളിച്ച അശ്വിന്‍ പിന്നീട് പഞ്ചാബിന്റെ നായകനായി. അതിനുശേഷമായിരുന്നു രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. ചെന്നൈ ടീമിനൊപ്പം തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് അശ്വിന്‍ വീണ്ടും ചെന്നൈ ജേഴ്‌സി അണിഞ്ഞതെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ ചെന്നൈക്കായി ഇറങ്ങിയ അശ്വിന്‍ ഏഴ് വിക്കറ്റ് മാത്രമെ നേടാനായുള്ളു.






