മലപ്പുറം: ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ആശ്വാസകരവും പ്രയോജനപ്രദവുമാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധപുലര്‍ത്തണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സക്കീന. ആരോഗ്യവകുപ്പിന് കീഴില്‍ ഗ്രാമ, നഗര പ്രദേശങ്ങളിലെ പൊതുജനാരോഗ്യ വെല്‍നസ് കേന്ദ്രങ്ങളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഗുണഭോക്തൃ സൗഹൃദമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ജില്ലാ ആരോഗ്യസംഘത്തോടൊപ്പം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുള്ള വിലയിരുത്തല്‍ യോഗത്തിന് മാറാക്കര ഏര്‍ക്കര ജനകീയാരോഗ്യകേന്ദ്രത്തില്‍ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ആരോഗ്യസംരക്ഷണം എല്ലാവര്‍ക്കും വീടിനടുത്ത് സൗജന്യവും ആശ്വാസകരവുമായി ലഭ്യമാക്കുകയാണ് ഇത്തരം കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്. ഗൃഹസമ്പര്‍ക്കം ഊര്‍ജ്ജിതപ്പെടുത്തുക, നിര്‍മാര്‍ജ്ജന ലക്ഷ്യം നേടുന്നതിന് ക്ഷയരോഗം, കുഷ്ഠരോഗം എന്നിവയുടെ പ്രതിരോധം ഊര്‍ജ്ജിതപ്പെടുത്തുക, ജീവിതശൈലീ രോഗനിര്‍ണയ ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തുക എന്നീ നിര്‍ദേശങ്ങള്‍ ഫീല്‍ഡ് ജീവനക്കാര്‍ക്ക് നല്‍കി. കുറ്റമറ്റരീതിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന വികസന നിര്‍മാണ പ്രവൃത്തികളും മാറാക്കര കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യകുടുംക്ഷേമ സേവനങ്ങളും മഞ്ചേരി ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലെ സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍മാരുടെയും സീനിയര്‍ ലാബ് സൂപ്പര്‍വൈസര്‍മാരുടെയും പ്രവര്‍ത്തനങ്ങളും അഡീഷണല്‍ ഡയറക്ടര്‍ പരിശോധിച്ച് വിലയിരുത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എ. ഷിബുലാല്‍, ഡോ. വി. ഫിറോസ് ഖാന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.എം നൂന മര്‍ജ, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. നസീല, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി എന്നിവരും കൂടെയുണ്ടായിരുന്നു.






