ന്യൂഡൽഹി : ഇന്ത്യ പാക് സംഘർഷത്തെക്കുറിച്ചും വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും വിദേശ രാജ്യങ്ങളിലെ സർക്കാരുകളെ അറിയിക്കുന്നതിനായി കേന്ദ്രം വിദേശത്തേക്ക് അയയ്ക്കാൻ ഉദ്ദേശിക്കുന്ന ഏഴ് സർവകക്ഷി എംപിമാരുടെ സംഘങ്ങളിൽ ഒരു സംഘത്തെ നയിക്കാൻ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ തിരഞ്ഞെടുത്തു. “ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ, ഭാരതം ഒറ്റക്കെട്ടായി നിലകൊള്ളുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പേരുകൾ പ്രഖ്യാപിച്ചത്. രവിശങ്കർ പ്രസാദ് (ബിജെപി) സഞ്ജയ് കുമാർ ഝാ (ജെഡിയു) ,ബൈജയന്ത് പാണ്ഡ (ബിജെപി) കനിമൊഴി കരുണാനിധി (ഡിഎംകെ) സുപ്രിയ സുലെ (എൻസിപി) ശ്രീകാന്ത് ഏകനാഥ് ഷിൻഡെ (ശിവസേന) എന്നിവരാണ് തരൂരിനൊപ്പം പ്രതിനിധി സംഘങ്ങളെ നയിക്കുന്ന മറ്റ് എംപിമാർ.
രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ, അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നും എൻസിപിയുടെ സുപ്രിയ സുലെയുടെ സംഘം ഒമാൻ, കെനിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നും സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് . ആറ് മുതൽ ഏഴ് വരെ എംപിമാർ അടങ്ങുന്ന ഓരോ പ്രതിനിധി സംഘവും ഏകദേശം നാല് മുതൽ അഞ്ച് വരെ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.






