പാലക്കാട്: നെന്മാറ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏഴ് റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ എലവഞ്ചേരി, അയിലൂര്‍, വണ്ടാഴി, മേലാര്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്.
എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ജനറല്‍ വിഭാഗത്തില്‍ അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ച് കരിങ്കുളം ഡ്രൈനേജ് റോഡ്, ആലടി മണ്ണാത്തികുളമ്പ് കോണ്‍ക്രീറ്റ് റോഡ്, കൊടുവാള്‍പാറ പോക്കാമട റോഡ് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. കൂടാതെ, എസ്.സി.പി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മാന്തായം എസ്.സി നഗര്‍ സമഗ്ര വികസന പദ്ധതിയും എലവഞ്ചേരിയില്‍ പൂര്‍ത്തീകരിച്ചു.
അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനറല്‍ വിഭാഗത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പുത്തന്‍പാറ ഇടപാടം അങ്കണവാടി റോഡ് നിര്‍മ്മിച്ചു. വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ എസ്.സി.പി വിഭാഗത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ മംഗലംഡാം പുള്ളോന്‍പറമ്പ് എസ്.സി നഗര്‍ സൈഡ് സംരക്ഷണ പ്രവൃത്തിയും പൂര്‍ത്തിയായി.
മേലാര്‍കോട് ഗ്രാമപഞ്ചായത്തില്‍ എസ്.സി.പി വിഭാഗത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കാരോട് ആലന്തോണി സങ്കേതം റോഡ് നവീകരണവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും പ്രാദേശിക വികസനത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്ന പദ്ധതികളാണ് പൂര്‍ത്തിയായത്. ഉദ്ഘാടന തീയതി ഉടന്‍ പ്രഖ്യാപിക്കും.










