കോഴിക്കോട്: എട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം കുന്ദമംഗലം വീണ്ടും ഫുട്ബോളിന്റെ ഉന്മാദത്തിലേക്ക്. സാൻ്റോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുന്ദമംഗലം സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേകമായി ഒരുക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും.
2016-ലെ അവസാന ടൂർണമെന്റിന് ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ വൻ കായികമേള മടങ്ങിയെത്തുന്നത്. “ഫുട്ബോൾ കുന്ദമംഗലത്തിന്റെ നാഡിയായി നീങ്ങുന്നതാണ് ഇവിടെ അത് കളിമാത്രമല്ല, ഒരു ആഘോഷമാണ്,” എന്നും സംഘാടകർ വ്യക്തമാക്കി. 2500 പേർക്ക് ഇരിക്കാൻ കഴിയുന്ന വലിയ ഗാലറിയും, ആവശ്യമെങ്കിൽ കൂടുതൽ കാണികൾക്കായി വിപുലീകരിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേകം ഇരിപ്പിട സൗകര്യവും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സാൻ്റോസിന്റെ നേതൃത്വത്തിൽ കലാ, കായിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തത്തോടെയായിരിക്കും ടൂർണമെന്റ് നടക്കുക. ഇന്ത്യയിലെ പ്രമുഖ 18 ടീമുകൾ പങ്കെടുക്കുന്ന ഈ മൽസരം ഫെബ്രുവരി ആദ്യവാരത്തിൽ സമാപിക്കും.വാർത്താസമ്മേളനത്തിൽ സാൻ്റോസ് പ്രസിഡന്റ് ബഷീർ നീലാരമ്മൽ, ജനറൽ സെക്രട്ടറി മുഹ്സിൻ ഭൂപതി, ക്ലബ് അംഗങ്ങളായ റിയാസ് റഹ്മാൻ, ഫൈസൽ എന്നിവർ പങ്കെടുത്തു.



