കാണ്ഡമാൽ: സ്‌കൂളിലെ നോട്ടീസ് ബോർഡിലെ പിൻ വിഴുങ്ങിയ ഏഴാം ക്ലാസ്സുകാരാണ് ദാരുണാന്ത്യം. ഒക്ടോബർ 15ന് ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദിയിലായിരുന്നു സംഭവം. ഫുൽബാന ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥി തുഷാർ മിശ്രയാണ് മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
അബദ്ധത്തിലാണ് കുട്ടി പിൻ വിഴുങ്ങിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് കുട്ടിയും സഹപാഠികളും അധ്യാപകരായ സീമയോടും ഫിറോസിനോടും കാര്യം പറഞ്ഞെങ്കിലും അവർ കാര്യമാക്കി എടുത്തില്ല. കുട്ടികൾ നുണ പറയുകയാണെന്ന് പറഞ്ഞ് മടക്കി അടയച്ചു. ഇതിന് പുറമെ പിൻ വിഴുങ്ങിയ കുട്ടിക്ക് ഭക്ഷണവും വെള്ളവും അധ്യാപകർ നൽകുകയും ചെയ്തു.
അമ്മയുടെ സഹോദരൻ്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. വൈകിട്ട് വീട്ടിലെത്തിയ കുട്ടിക്ക് വയറുവേദന സഹിക്കാനാകാതെ വന്നതോടെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. താൻ പിൻ വിഴുങ്ങിയ കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. എക്‌സ്റേ പരിശോധനയിൽ ശ്വാസകോശത്തിൽ പിൻ കുത്തി നിൽക്കുന്നതായി കണ്ടെത്തുകയും തുടർന്ന് കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്കും പിന്നീട് കട്ടക്കിലെ ശിശു ഭവനിലേക്കും കൊണ്ടുപോവുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും പിൻ നീക്കം ചെയ്തുവെങ്കിലും കുട്ടി കോമയിലേക്ക് പോയി. ചികിത്സയിൽ തുടരുന്നതിനിടെ ഒക്ടോബർ 26 ന് കുട്ടി മരണപെട്ടു. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ കുട്ടിയുടെ പിതാവ് പൊലീസിന് പരാതി നൽകുകയും ഇതോടെ സംഭവം പുറംലോകം അറിയുകയും ചെയ്തു. അധ്യാപകർ കുട്ടി പിൻ വിഴുങ്ങിയ കാര്യം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.


