പാലക്കാട്: നെന്മാറയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന പരാതിയിൽ 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യെയാണ് നെന്മാറ പൊലീസ് പിടികൂടിയത്.
കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഏകദേശം 10,000 രൂപ മോഷ്ടിച്ചതായാണ് കേസ്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികൾ എത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവർ നെന്മാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ പരിശോധനയിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
2020-ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പ്രഭാവതി, മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.






