ന്യൂഡൽഹി: ബിജെപി കേന്ദ്ര നേതൃത്വത്തോട് നിർണായക ആവശ്യങ്ങൾ ഉന്നയിച്ച് മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ ദീർഘകാലം സംസ്ഥാന അധ്യക്ഷനായി തുടരാൻ അവസരം നൽകണമെന്നും, കുറഞ്ഞത് ഏഴ് വർഷത്തേക്ക് തുടർച്ചയായ നേതൃത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ പാർട്ടി വിടാൻ അനുവദിക്കണമെന്നും അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിലെ പ്രാദേശിക വിഷയങ്ങൾ കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ കടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ബിജെപി നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അണ്ണാമലൈ പാർട്ടി വിട്ടാൽ തമിഴ്നാട് ബിജെപിയിൽ വലിയ തോതിൽ പ്രവർത്തകരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്റെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അണ്ണാമലൈ അറിയിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും രാജിക്കത്തിനൊപ്പം ദേശീയ നേതൃത്വത്തിന് സമർപ്പിച്ചതായാണ് സൂചന. രാജിക്കത്ത് നൽകിയതിന് പിന്നാലെ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രാജിക്ക് പിന്നിലെ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെയും പാർട്ടി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാന ബിജെപിയിലെ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ സജീവമായിരിക്കുകയാണ്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി നേടിയ 11 ശതമാനം വോട്ടുവിഹിതം ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ശതമാനമായി കുറഞ്ഞതിൽ എഐഎഡിഎംകെയുമായുള്ള സഖ്യത്തിനും പങ്കുണ്ടെന്ന് അണ്ണാമലൈ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. നിയമസഭയിലെ പാർട്ടി പ്രതിനിധിത്വം നാലിൽ നിന്ന് ഒന്നായി കുറഞ്ഞതും അദ്ദേഹം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
അണ്ണാമലൈയുടെ ഭാവി രാഷ്ട്രീയ നിലപാടും ബിജെപിയുടെ തുടർനീക്കങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.






