പാലക്കാട്: മംഗലം ഡാമിൽ നീർനായ ശല്യ രൂക്ഷമാകുന്നതോടെ ഫിഷറീസ് വകുപ്പിന്റെ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള മത്സ്യകൃഷി തകർച്ചയുടെ വക്കിലാണ്. വർഷങ്ങളായി സ്ഥിരതയുള്ള വരുമാനത്തിന്റെ ഉറവിടമായിരുന്ന ജലാശയം ഇപ്പോൾ മത്സ്യ സമൃദ്ധി നഷ്ടപ്പെട്ട അവസ്ഥയാണ്.
ഒരുകാലത്ത് 30 -40 കിലോ മീൻ വരെ ലഭിച്ചിരുന്ന മംഗലം ഇപ്പോൾ 15 കിലോ പോലും കിട്ടാൻ പ്രയാസമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നീർനായകൾ കൂട്ടമായെത്തി മീനുകളെ നശിപ്പിക്കുന്നത് ദിവസേന വലിയ നഷ്ടമായി മാറിയിരിക്കുകയാണ്. മത്സ്യകൃഷി നടത്തുന്ന 30 അംഗങ്ങൾ ഉണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ പത്തിൽ താഴെ അംഗങ്ങൾ മാത്രം പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മോശമാവുകയും വരുമാനം കുറഞ്ഞതോടെ പലരും തൊഴിൽ ഉപേക്ഷിക്കുകയും ചെയ്തതായി പറഞ്ഞു.
നീർനായ ശല്യം നിയന്ത്രിക്കാൻ വനവകുപ്പിനെ നിരവധി തവണ പരാതി നൽകിത്തുടങ്ങിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലയെന്നാണ് സമിതിയുടെ പരാതി. മീൻ പിടുത്തം തൊട്ട് എല്ലാ ഘട്ടങ്ങളിലും നീർനായ തടസ്സം സൃഷ്ടിക്കുന്നതോടെ മത്സല്പാദനം ദിനംപ്രതി താഴ്ന്നു വരുന്നതായി പ്രവർത്തകർ പറയുന്നു. മംഗലം ഡാമിലെ മത്സ്യകൃഷി പുനർജീവിപ്പിക്കാൻ അടിയന്തരമായി നീർനായ നിയന്ത്രണം നടപടികൾ ഡാമിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തൽ സ്ഥിരതയുള്ള മീൻ വിത്തുകൾ എന്നിവയാണ് സൊസൈറ്റിയുടെ നിലപാട്.






