കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി വിദേശത്ത്. ഇവർ നാട്ടിലെത്തുമെന്നും വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരി ഉടൻ നാട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനപ്പുറം മറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ചിദംബരം ഉടൻ മുൻകൂർ ജാമ്യ അപേക്ഷ നൽകിയേക്കും എന്നാണ് വിവരം. എറണാകുളം സൗത്ത് പൊലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.






