മലപ്പുറം: 14 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 5,000 രൂപ പിഴയും വിധിച്ച് നിലമ്പൂർ അതിവേഗ പോക്‌സോ കോടതി . മുത്തേടം കാരപ്പുറം സ്വദേശിയായ പുതുവായ് വിനോദിനാണ് ശിക്ഷ വിധിച്ചത്.
പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവ്. പിഴ അടക്കാത്ത പക്ഷം രണ്ട് മാസം രണ്ട് ആഴ്ച അധിക തടവും അനുഭവിക്കണം. 2024 ജൂൺ 16 നാണ് സംഭവം നടന്നത്.
അതിജീവിതയും കുടുംബവും നൽകിയ പരാതിയെ തുടർന്ന് പോത്തുകല്ല് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ സോമനാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യുഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി സി ഷീ ബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.




