പാലക്കാട്: സംസ്ഥാനത്ത് നെൽക്കൃഷി ഇല്ലാതാക്കുന്നുവെന്നാരോപിച്ച് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ സഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പോസ്റ്റ് ഓഫിസിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നെൽക്കർഷകരുടെ ഉപജീവനവും കൃഷിയിടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. നഗരത്തിലൂടെ മുദ്രാവാക്യങ്ങളോടെ നീങ്ങിയ മാർച്ചിൽ നിരവധി കർഷകരും പ്രവർത്തകരും പങ്കെടുത്തു.
ചുവപ്പ് കൊടികളും ആവശ്യങ്ങൾ വ്യക്തമാക്കുന്ന ബാനറുകളും കൈയിൽ ഉയർത്തിയായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സംസ്ഥാനത്തെ നെൽക്കൃഷിയെ തകർക്കുന്നതാണെന്നും കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നതാണെന്നും നേതാക്കൾ ആരോപിച്ചു. ജില്ലാ പോസ്റ്റ് ഓഫിസിന് മുന്നിൽ ചേർന്ന പ്രതിഷേധയോഗം സഖാവ് വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ ജനകീയ സമരങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കർഷക സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തീരുമാനങ്ങൾ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ നേതാക്കളും യൂണിറ്റ് ഭാരവാഹികളും സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും വിവിധ തലങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.




