കാസർഗോഡ്: എട്ടിന്റെ പണി കിട്ടിയെന്ന് കേട്ടിട്ടുണ്ട് അല്ലെ. എന്നാൽ ഇവിടെ എട്ടിന്റെ പണി കിട്ടിയെന്നു പറയാനാവില്ല; വേണമെങ്കിൽ അഞ്ചിന്റെ പണിയെന്നു പറയാം. അല്ലെങ്കിൽ തേടിയെത്തിയ ഭാഗ്യം ഇങ്ങനെ വഴിമാറി പോകുമായിരുന്നോ? ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ് നീലേശ്വരം കൊയാമ്പുറം സ്വദേശിയും മടിക്കൈ അമ്പലത്തറ പ്ലസ് പോയിന്റ് ടൂവീലർ വർക്ക്ഷോപ്പിലെ മെക്കാനിക്കുമായ എം.കെ.ഷിബിനു നഷ്ടമായത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലെ തമ്പുരാൻ ലോട്ടറിയുടെ ഏജന്റ് രാധാകൃഷ്ണനിൽ നിന്നാണ് ഷിബിനും സുഹൃത്തുക്കളായ വിനോദും രാജനുമൊക്കെ സ്ഥിരമായി ഒരേ സീരീസിലുള്ള ടിക്കറ്റ് എടുക്കാറ്. അവസാനത്തെ നമ്പർ മാത്രം മാറും. ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഡിപി സീരിസിലുള്ള ടിക്കറ്റുകളുമായി രാധാകൃഷ്ണൻ പതിവുപോലെ എത്തിയെങ്കിലും ഷിബിൻ പുറത്തുപോയതിനാൽ നൽകാനായില്ല. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന ഒരക്കം മാത്രം വ്യത്യാസമുള്ള ടിക്കറ്റുകൾ ഇതേ കെട്ടിടത്തിലെ പലരും എടുത്തു.
ഷിബിൻ സ്ഥിരമായി എടുക്കാറുള്ള അവസാനം 5 വരുന്ന ടിക്കറ്റ് മാത്രം ബാക്കിയായി. അത് വേറൊരാൾ വാങ്ങി. 2 ദിവസമായി ആ ഭാഗ്യവാനെ തേടുകയാണു രാധാകൃഷ്ണൻ. താൻ വർക്ക്ഷോപ്പിൽ ഉണ്ടായിയുന്നെങ്കിൽ രാധാകൃഷ്ണന് ടിക്കറ്റുമായി മടങ്ങിപ്പോകേണ്ടി വരില്ലായിരുന്നെന്ന് ഷിബിൻ പറഞ്ഞു. എന്നെങ്കിലും തനിക്കും ലോട്ടറിയടിക്കുമെന്ന പ്രതീക്ഷയിൽ ഇന്നലെയും ഷിബിൻ ലോട്ടറിയെടുത്തു.






