ന്യൂയോര്‍ക്ക്: നഗരത്തിലെ ബ്രൂക്ലിന്‍ പാലത്തില്‍ മെക്സിക്കന്‍ നാവികസേനയുടെ പരിശീലന കപ്പല്‍ ഇടിച്ചുകയറി അപകടം. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് 277 പേരാണ് കപ്പലിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലെ എല്ലാ ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ന്യൂയോര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചപ്പോള്‍ ‘കുവാട്ടെമോക്’ എന്ന കപ്പലിന്റെ ഉയരമുള്ള കൊടിമരങ്ങള്‍ ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ മെക്സിക്കന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. കപ്പലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മെക്സിക്കന്‍ നാവിക സേന വ്യക്തമാക്കി.
അതേസമയം അപകടത്തില്‍ ബ്രൂക്ലിന്‍ പാലത്തിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. എങ്കിലും ഗതാഗത വകുപ്പ് പാലത്തിന്റെ ഘടനാപരമായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആരും വെള്ളത്തില്‍ വീണിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാലത്തിന്റെ എല്ലാ പാതകളും ഇരു ദിശകളിലേക്കും താല്‍ക്കാലികമായി അടച്ചിട്ടതായാണ് റിപ്പോര്‍ട്ട്.
മെക്സിക്കന്‍ നാവികസേനയുടെ കണക്കനുസരിച്ച് 91 മീറ്റര്‍നീളവും 12 മീറ്റര്‍ വീതിയുമുള്ള കപ്പലാണ് കുവാട്ടെമോക് . 1982 ലാണ് ക്കപ്പലിന്റെ ആദ്യയാത്ര ആരംഭിച്ചത്.






