നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ഭൂരിഭാഗം പേരുടെയും ഏറ്റവും വലിയ ആശങ്കയാണ് വീടോ ഫ്ലാറ്റോ ഒഴിയുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് (അഡ്വാൻസ് തുക) എങ്ങനെ മുഴുവനായി തിരികെ കിട്ടും എന്നത്. അറ്റകുറ്റപ്പണികളുടെയും റീ-പെയിന്റിങ്ങിന്റെയും പേരുപറഞ്ഞ് വലിയൊരു തുക വീട്ടുടമസ്ഥർ ഈടാക്കുന്നത് ഇന്ന് നഗരങ്ങളിൽ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ മുംബൈ ചെമ്പൂരിലെ ഒരു 1-BHK ഫ്ലാറ്റിലെ വാടകക്കാരന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
1-BHK പെയിന്റ് ചെയ്യാൻ ഒരു ലക്ഷം രൂപയോ? ചർച്ചയായി റെഡ്ഡിറ്റ് പോസ്റ്റ്
മുംബൈ ചെമ്പൂരിലെ ഒരു ചെറിയ 1-BHK ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവ് വാടക കാലാവധി കഴിഞ്ഞ് ഒഴിഞ്ഞുപോരാൻ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. താൻ വീട് നൽകുമ്പോൾ പുതിയ പെയിന്റ് ആയിരുന്നുവെന്നും, അതിനാൽ അതേ അവസ്ഥയിൽ ഫ്ലാറ്റ് റീ-പെയിന്റ് ചെയ്ത് നൽകണമെന്നുമായിരുന്നു ഉടമസ്ഥന്റെ കടുത്ത നിലപാട്. ഇല്ലെങ്കിൽ ഒരു ലക്ഷം രൂപയിലധികം വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകില്ലെന്ന് അദ്ദേഹം വാശിപിടിച്ചു.
ഇതോടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്. താമസം തുടങ്ങിയ ഉടൻ തന്നെ ഫ്ലാറ്റിലെ പെയിന്റ് അടർന്നുപോവാൻ തുടങ്ങിയിരുന്നുവെന്നും, നിലവാരമില്ലാത്ത പെയിന്റിങ് കാരണമാണ് ഇത് സംഭവിച്ചതെന്നും യുവാവ് പറയുന്നു. ഒരു ചെറിയ 1-BHK ഫ്ലാറ്റ് പെയിന്റ് ചെയ്യാൻ ഒരു ലക്ഷം രൂപയിലധികം ചെലവ് വരുമോ എന്നും, ഡെപ്പോസിറ്റിൽ നിന്ന് ഇത്രയും വലിയ തുക പിടിച്ചുവെക്കുന്നത് ന്യായമാണോ എന്നുമാണ് ഇദ്ദേഹം ചോദിക്കുന്നത്.
മെട്രോ നഗരങ്ങളിലെ ‘ഡെപ്പോസിറ്റ് ചൂഷണം’
മുംബൈയിൽ മാത്രമല്ല, ബെംഗളൂരു ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നഗരങ്ങളിലും ഇത്തരം ചൂഷണങ്ങൾ വ്യാപകമാണ്. അടുത്തിടെ ബെംഗളൂരുവിൽ സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു:
ബെംഗളൂരുവിൽ 2.5 BHK അപ്പാർട്മെന്റ് ഒഴിഞ്ഞ വാടകക്കാരന്റെ ഡെപ്പോസിറ്റിൽ നിന്ന് 51,000 രൂപയാണ് വിദേശത്ത് താമസിക്കുന്ന ഉടമസ്ഥൻ വെട്ടിക്കുറച്ചത്. റീ-പെയിന്റിങ്, ക്ലീനിങ് എന്നിവയുടെ പേര് പറഞ്ഞായിരുന്നു ഈ പിടിച്ചുപറി. ഇത് തനിക്ക് വലിയ ‘മാനസിക പീഡനമായി’ മാറിയെന്ന് വാടകക്കാരൻ പ്രതികരിച്ചു.
മറ്റൊരു സംഭവത്തിൽ, വീട് ഒഴിയുമ്പോൾ റീ-പെയിന്റിങ് ചെലവുകൾക്കായി ഒരു മാസത്തെ വാടക ഡെപ്പോസിറ്റിൽ നിന്ന് കുറയ്ക്കുമെന്ന വ്യവസ്ഥ കരാറിൽ (Rent Agreement) മുൻകൂട്ടിത്തന്നെ എഴുതിച്ചേർത്ത് ഉടമസ്ഥൻ വാടകക്കാരനെ കെണിയിലാക്കുകയായിരുന്നു.
നിയമം പറയുന്നത് എന്ത്?
റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ വാടകക്കാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റുകളെ പൂർണമായി നിയന്ത്രിക്കുന്ന പ്രത്യേക ഏകീകൃത നിയമങ്ങളൊന്നുമില്ല. സാധാരണ റെസിഡൻഷ്യൽ വാടക ഇടപാടുകൾ റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ആക്ടിന്റെ (RERA, 2016) പരിധിയിൽ വരാത്തതിനാൽ, ലീവ് ആൻഡ് ലൈസൻസ്’ അല്ലെങ്കിൽ വാടകക്കരാറിലെ നിബന്ധനകൾ മാത്രമാണ് ഇത്തരം തർക്കങ്ങളിൽ നിർണായകമാകുന്നത്.
ചില വിദേശ മലയാളി ഉടമസ്ഥരോ ദൂരെ സ്ഥലങ്ങളിൽ ഉള്ളവരോ ഇത്തരം ചെറിയ നാശനഷ്ടങ്ങൾ അവഗണിക്കാറുണ്ടെങ്കിലും, തർക്കങ്ങൾ ഒഴിവാക്കാൻ കൃത്യമായ കരാറുകൾ തന്നെയാണ് ഏക പോംവഴി.
ചതിക്കുഴികളിൽ വീഴാതിരിക്കാൻ വാടകക്കാർ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ
ഭാവിയിൽ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ വാടകയ്ക്ക് വീടെടുക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം:
- കരാർ കൃത്യമായി വായിക്കുക: വീട് ഒഴിയുമ്പോൾ പെയിന്റിങ്, അറ്റകുറ്റപ്പണി ചെലവുകൾ ആര് വഹിക്കണം എന്നത് കരാറിൽ വ്യക്തമായി രേഖപ്പെടുത്തണം. ഒളിഞ്ഞിരിക്കുന്ന നിബന്ധനകൾ (Hidden Clauses) ഇല്ലെന്ന് ഉറപ്പുവരുത്തുക.
- ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുക: ഫ്ലാറ്റിൽ താമസം തുടങ്ങുന്ന ദിവസം തന്നെ അവിടുത്തെ ചുവരുകൾ, പ്ലംബിങ്, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ കൃത്യമായ ചിത്രങ്ങളും വീഡിയോകളും എടുത്ത് ഉടമസ്ഥന് വാട്സാപ്പിലോ ഇമെയിലിലോ അയച്ചു കൊടുക്കുക. ഇത് പിന്നീട് തെളിവായി ഉപയോഗിക്കാം.
- സ്വാഭാവിക തേയ്മാനങ്ങൾ: വർഷങ്ങളോളം ഒരു വീട്ടിൽ താമസിക്കുമ്പോൾ ചുവരുകളിൽ ഉണ്ടാകുന്ന സ്വാഭാവികമായ മങ്ങലുകൾക്കോ ചെറിയ പാടുകൾക്കോ വാടകക്കാരൻ ഉത്തരവാദിയല്ല. ഇത്തരം കാര്യങ്ങൾക്ക് തുക ഈടാക്കാൻ ഉടമസ്ഥന് നിയമപരമായി അവകാശമില്ലെന്ന് മനസ്സിലാക്കുക.






