തിരുവനന്തപുരം: എറണാകുളം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ നിലവിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ, ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഇടവിട്ട് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് നടപടി. ഇതോടെ പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. ആലുവ, പെരുമ്പാവൂർ, കാലടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നദീതീരവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ:
- 25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
- 26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
- 27/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
- 28/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഈ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.





