ക്രിക്കറ്റിലെ സ്വിങ് കിംഗ് അതെന്നും ഭുവനേശ്വർ കുമാറാണ്. ഐ.പി.എലിന്റെ 2016 സീസൺ കഴിഞ്ഞപ്പോൾ ഭുവിയായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം. പത്തുവർഷത്തിനിപ്പുറം 2026 ഐ.പി.എൽ. സീസൺ പകുതി പിന്നിടുമ്പോൾ അതേ ഭുവി ഇന്നും താരമാണ്. 10 വർഷമായി സൺറൈസേഴ്‌സ് ഹൈദരാബാദിനായി ബോൾ എറിഞ്ഞ ഭുവി 2024 അവസാനത്തോടെ ആർ.സി.ബിയിലേക്ക് ചേക്കേറിയപ്പോൾ ഹൈദരാബാദിനൊപ്പമുള്ള അവസാന സീസണുകളിൽ ഭുവിയുടെ ഫോമില്ലായ്മയും കണ്ട് പലരും മണ്ടത്തരമാണെന്ന് വരെ പറഞ്ഞിരുന്നു. എന്നാൽ, ആർ.സി.ബി. കണ്ടത് മറ്റൊന്നാണ്. സമ്മർദഘട്ടങ്ങളെ അതിജീവിക്കാൻ കഴിവുള്ള, ഏതുപന്ത് എപ്പോൾ എറിയണമെന്ന് കൃത്യമായി അറിയാവുന്ന പരിചയസമ്പന്നനായ പേസറെയായിരുന്നു. അത് മുന്നില്കണ്ട ആർസിബി ഭുവിയെ ടീമിലെത്തിച്ചു.
18 വർഷത്തെ കാത്തിരിപ്പിനുശേഷം ആർ.സി.ബി. ആദ്യ ഐ.പി.എൽ. കിരീടം നേടിയതിൽ ഭുവിയുടെ പങ്ക് ചെറുതല്ല. കഴിഞ്ഞ ഐ.പി.എൽ. സീസണിൽ ഭുവനേശ്വർ കുമാർ ആർ.സി.ബി.ക്ക് ഒരു ബൗളർ മാത്രമായിരുന്നില്ല. യഷ് ദയാലും ജോഷ് ഹേസൽവുഡുമടങ്ങുന്ന അവരുടെ പേസ് നിരയുടെ മെന്ററും വഴികാട്ടിയുമായിരുന്നു. 35 വയസ്സ് കഴിഞ്ഞ പലരും ഇന്ന് കളി മതിയാക്കി കമന്ററിയുടെയും കോച്ചിങ്ങിന്റെയും പാതയിലേക്ക് തിരിഞ്ഞപ്പോൾ. 10 വർഷങ്ങൾക്ക് ശേഷവും ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന ബോളറാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വിങ് ബൗളറായിട്ടും ഇന്ത്യൻ ടീമിൽനിന്ന് പുറത്തായിരുന്നു ഭുവി. ഡൽഹിയുമായുള്ള കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അവരുടെ ഓപ്പണർ സാഹിൽ പരേഖിനെ പുറത്താക്കിയ ഒറ്റ പന്തുമതി ഭുവിയുടെ മികവറിയാൻ.




