കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ ശിവസൂര്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച്. കുട്ടിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാൽ അറിയിച്ചു. ശിവസൂര്യ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരോധാനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പാലക്കാടിന് സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധന നടത്തിവരികയാണ്. കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഫോൺ ഉപയോഗം നിയന്ത്രിച്ചതിനെ തുടർന്നാണ് ശിവസൂര്യ വീട് വിട്ടുപോയതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായിട്ട് ഇന്ന് 100 ദിവസം പൂർത്തിയാകുകയാണ്. ഇത്രയും ദിവസമായിട്ടും കുട്ടിയെ കണ്ടെത്താനാകാത്തത് കുടുംബത്തെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അന്വേഷണം വേഗത്തിലാക്കണമെന്നും ശിവസൂര്യയെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുന്നതിനായി കൂടുതൽ ഊർജിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


