തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് ഇന്ന് ബിജെപിയിൽ അംഗത്വം എടുത്തത്. മുൻപും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. വാർത്തസമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ഇവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ മറുപടി നൽകിയില്ല. ബിജെപിയുടെ സ്ഥാനാർത്ഥിപട്ടിക എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



