തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ശേഷം അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാർ (35) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് ഇയാൾ.
സംഭവം ഇന്നലെ പുലർച്ചെ നാലുമണിയോടെ സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപമാണ് നടന്നത്. വാഹനം അപകടത്തിൽപ്പെട്ടെന്നും വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും അനീഷ് ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർഫോഴ്സ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. എന്നാൽ അവിടെയെത്തിയപ്പോൾ അപകടം നടന്നിട്ടില്ലെന്നും അനീഷ് റോഡിൽ നിൽക്കുകയാണെന്നും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിലെ ഇന്ധനം തീർന്നതാണെന്ന് ഇയാൾ പറഞ്ഞു. ഇതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാവുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി. സംഭവസ്ഥലത്തെത്തിയ പൊലീസിനെയും അനീഷ് ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കിളിമാനൂർ പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.













