കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയ ബിസിസിഐ നടപടിയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണെന്നും അദ്ദേഹത്തെ ടീമീല്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.
ഈ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ ടോപ് സ്കോറര്‍ ശ്രേയസ് അയ്യരായിരുന്നു. വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി വ്യക്തമാക്കി.
‘കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ്സിന്റെത് മികച്ച പ്രകടനമായിരുന്നു. ഈ ടീമില്‍ ഉണ്ടാകേണ്ടിയിരുന്നു. അദ്ദേഹം പുറത്തുനിര്‍ത്തേണ്ട കളിക്കാരനേയല്ല. ഇപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്കോര്‍ ചെയ്യുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തു ചെയ്യാനാകുമെന്ന് കാണാന്‍ ഈ പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമായിരുന്നു’. – ഗാംഗുലി പറഞ്ഞു.






