അറ്റ്ലാന്റ: കാൽപന്തിലെ അതികായരായ സ്പെയിനിനെ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെർദെ ഒരു ഗോളടിക്കാൻ പോലും സമ്മതിക്കാതെ കത്രിക പൂട്ടിട്ടപ്പോൾ ആരാധകർ ശ്രദ്ധിച്ചത് ബാറിനു കീഴിൽ പാറ പോലെ ഉറച്ചു നിന്ന അവരുടെ ഗോൾ കീപ്പറെയാണ്. അയാളുടെ ലോകകപ്പ് അരങ്ങേറ്റമായിരുന്നു ഇത്. 40ാം വയസിലാണ് ആ മനുഷ്യൻ ലോകകപ്പിൽ അരങ്ങേറുന്നത്! യോസിമാർ ജോസ് എവോറ ഡിയാസ് എന്ന വോസിന്യ ഒറ്റ കളിയിലൂടെ ഫുട്ബോൾ ലോകത്തെ ഹീറോയായി. സ്പെയിനിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ മണിക്കൂറുകൾ കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം 50,000യിരത്തിൽ നിന്നു ഏതാണ് 3 മില്ല്യണിലേക്കാണ് കുതിച്ചു ചാടിയത്.
ഫിഫ ലോകകപ്പ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമത്തെ താരമെന്ന അപൂർവ റെക്കോർഡും വോസിന്യ സ്വന്തമാക്കി. 2018ലെ ലോകകപ്പിൽ 45ാം വയസിൽ അരങ്ങേറിയ മുൻ ഈജിപ്റ്റ് ഗോൾ കീപ്പർ എസ്സാം എൽ ഹദാരിയാണ് ഒന്നാമത്. കനത്ത പ്രതിരോധമായിരുന്നു ഇന്നലത്തെ മത്സരത്തിന്റെ ഹൈലൈറ്റ്. സ്പാനിഷ് താരങ്ങൾ കാബോ വെർദെ പ്രതിരോധം പൊട്ടിച്ച് ബോക്സിൽ കയറി ഗോളടിക്കാൻ നോക്കിയിട്ടും രക്ഷയുണ്ടായിരുന്നില്ല. ഈ 40കാരനെ മറികടക്കാൻ അതൊന്നും പോരായിരുന്നു. സ്‌പെയിൻ താരങ്ങളായ ഫെറാൻ ടോറസിന്റെയും മികേൽ ഒയർസബാലിന്റെയും അടക്കം ഗോളെന്നുറച്ച ഷോട്ടുകളാണ് വോസിന്യ തടുത്തിട്ടത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും വോസിന്യ തന്നെ. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിന് പിന്നാലെ വോസിന്യ മൈതാനത്ത് പൊട്ടിക്കരഞ്ഞിരുന്നു.






