തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ “മന്ത്രി പച്ചക്കള്ളം പറയുന്നു” എന്ന പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിൻവലിച്ചു.സർക്കാരിനെ താൻ പ്രകീർത്തിച്ചതായി ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞതോടെയാണ് സതീശൻ കഴിഞ്ഞ ദിവസം കടുത്ത പ്രതികരണവുമായി “മന്ത്രി പച്ചക്കള്ളം പറയുന്നു” എന്നു പരാമർശിച്ചത്. എന്നാൽ മുതിർന്ന അംഗം മാത്യു ടി. തോമസിന്റെ ഇടപെടലിനെ തുടർന്ന്, തെറ്റ് അംഗീകരിച്ച് സതീശൻ സഭയോട് ക്ഷമാപണം നടത്തി. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.
പറവൂരിൽ നടന്ന ഓണച്ചന്ത ഉദ്ഘാടനം സമയത്ത് സർക്കാരിനെ പ്രശംസിച്ചുവെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ നിലപാട്. എന്നാൽ പരിപാടിയിൽ സപ്ലെയ്കോയുടെ പ്രസക്തിയെക്കുറിച്ചാണ് സംസാരിച്ചതെന്നും സർക്കാരിനെ പ്രശംസിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.“വികാര വിക്ഷോഭത്തിലാണ് അത്തരമൊരു വാക്ക് ഉപയോഗിച്ചത്. പച്ചക്കള്ളം എന്നത് അൺപാർലമെന്ററി വാക്കാണ്. അത് സഭയിൽ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു,” എന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവ് നടത്തിയ തിരുത്തൽ “അനുകരണീയ മാതൃക”യാണെന്ന് സ്പീക്കർ എ. എൻ. ഷംസീർ അഭിപ്രായപ്പെട്ടു.






