ആലപ്പുഴ: തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളുടെ ശ്രമമൊന്നും വിജയിക്കാത്ത സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനാണു നീക്കം. നായ്ക്കൾക്കായി പാർക്ക് എന്ന ആശയമാണ് ഇപ്പോൾ പരിഗണനയിൽ. പറ്റിയ സ്ഥലം കിട്ടിയാൽ നായ്ക്കളെ താമസിപ്പിക്കുന്ന പാർക്ക് തയ്യാറാക്കുകയാണു ലക്ഷ്യം.
തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വാടകയ്ക്കെടുത്തു നടത്തുന്ന തരത്തിലോ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്ന വിധത്തിലോ ആകും പ്രവർത്തനം. നായ്ക്കളെ എങ്ങനെ പാർക്കിലെത്തിക്കണം, സംരക്ഷിക്കണം എന്നതിനെക്കുറിച്ചെല്ലാം രൂപരേഖ തയ്യാറാക്കും.
ആക്രമണ സ്വഭാവമുള്ളതും രോഗമുള്ളതുമായ നായ്ക്കളെ പാർക്കിലേക്കു മാറ്റും. വന്ധ്യംകരിച്ച ശേഷം ഇവയ്ക്കു ഭക്ഷണമുൾപ്പെടെ ഉറപ്പാക്കും. ജനവാസം കുറഞ്ഞ സ്ഥലങ്ങളാണ് പാർക്കുകൾക്കായി പരിഗണിക്കുന്നത്. ചുമരു കെട്ടി തയ്യാറാക്കിയ വലിയ കൂടുകളിലാകും നായ്ക്കളെ സംരക്ഷിക്കുക.
അനിമൽ ബർത്ത് കൺട്രോൾ മാർഗനിർദേശത്തിൽ ഇളവുണ്ടാകാതെ സംസ്ഥാനത്തിന് അക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാനാകില്ലെന്ന് കേന്ദ്രത്തെയും കോടതിയെയും ബോധിപ്പിക്കും. സംസ്ഥാനം കൈക്കൊണ്ട നടപടികൾ എബിസി മാനദണ്ഡത്തിൽ കുരുങ്ങിക്കിടക്കുകയാണ്. ഇതുസംബന്ധിച്ച് തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകൾ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഉത്തരവു പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പുനൽകിയിരുന്നു.
പരിശീലനം ലഭിച്ച നായപിടിത്തക്കാരുടെ കുറവുമൂലം സംസ്ഥാനത്ത് വാക്സിനേഷൻ തീവ്രയത്നം പാളിയ മട്ടാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ 152 ബ്ലോക്കുകളിലും പോർട്ടബിൾ എബിസി കേന്ദ്രം തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പു തീരുമാനിച്ചിരുന്നു.
എന്നാൽ, കോടതിയുത്തരവുപ്രകാരം നായ്ക്കളെ പിടിച്ചിടത്ത് തിരികെ വിടാനാകില്ല. ഷെൽട്ടർ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും തുടങ്ങാനുമായില്ല. പ്രാദേശിക എതിർപ്പിനാൽ സ്ഥലം കണ്ടെത്താനാകാത്തതാണു പ്രശ്നം. ഡോഗ് പാർക്ക് ജനകീയ പങ്കാളിത്തത്തോടെയാകുമ്പോൾ എതിർപ്പുണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ.






