കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം മയക്കുമരുന്ന്-അനധികൃത മദ്യവ്യാപനം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി. കഴിഞ്ഞ വർഷം പിടിച്ചെടുത്ത 10,598 മദ്യബോട്ടിലുകൾ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് ഈ നടപടി പൂർത്തിയാക്കിയതെന്നും അനധികൃത വസ്തുക്കളുടെ വ്യാപനം തടയുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
അതേസമയം, വിവിധ രാജ്യക്കാരായ 12 പേരെ വൻതോതിൽ മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തു. ജഹ്റയിലെ മരുഭൂമി മേഖലയിലെ കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കൾ വിറ്റ കേന്ദ്രവും കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചു.
കൂടാതെ, സംരക്ഷിത പ്രകൃതി മേഖലയിലേക്ക് അനധികൃതമായി ഒട്ടകങ്ങളെ മേയാൻ വിട്ട വ്യക്തിയെയും പിടികൂടി. സുരക്ഷാ പരിശോധനകളും ഫീൽഡ് ക്യാമ്പയിനുകളും ശക്തിപ്പെടുത്തി നിയമലംഘനങ്ങൾ തടയുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.




