അങ്ങനെ ദിവസങ്ങളോളം കേരള രാഷ്ട്രീയത്തെ ചൂടാക്കി നിര്‍ത്തിയ അഭ്യൂഹങ്ങള്‍ക്ക് ഇന്നൊരു തീരുമാനമായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി സുധാകരന് സ്വതന്ത്രനായി മത്സരിക്കും. ചെറുതായിട്ടൊന്ന് പിണങ്ങിയെന്ന് വെച്ച് താന്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് തന്നെയെന്ന് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് സുധാകരന് വ്യക്തമാക്കുകയായിരുന്നു. അതോടെ പ്രതീക്ഷകളെല്ലാം മങ്ങിയ കോണ്‍ഗ്രസിന് പക്ഷേ തൊട്ടടുത്ത നിമിഷം ലഡു പൊട്ടുകയായിരുന്നു- അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ഒരുപക്ഷേ ഇടതുപക്ഷം ഇത് പ്രതീക്ഷിച്ച നീക്കം തന്നെയായിരിക്കും.
യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണ്, യുഡിഎഫിനൊപ്പമെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറയുമ്പോള്‍, അവിടെ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പോലും വ്യക്തമാക്കാതെ ഒരു സീറ്റും ഒഴിച്ചിട്ട് ഇരുന്ന യുഡിഎഫിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. പിന്നാലെയായിരുന്നു മത്സരിക്കുമെന്ന പ്രഖ്യാപനവും. ഇനി അമ്പലപ്പുഴയില്‍ സ്വതന്ത്രനാകുമ്പോള്‍ എതെങ്കിലും മുന്നണിയുടെ പിന്തുണ തേടുമോ, അതോ സിപിഎമ്മിലെ തനിക്ക് പിന്തുണയുള്ള വോട്ടുകള്‍ മാത്രം മുന്നില്‍ കണ്ടാണോ ഈ നീക്കമെന്ന് വ്യക്തമല്ല.
ഇന്ന് രാവിലെ വരെ വിമതനായി മത്സരിക്കും, സിപിഎമ്മിന് കനത്ത തിരിച്ചടി കൊടുക്കും, യുഡിഎഫ് പിന്തുണയ്ക്കും, സിപിഎം നേതാക്കളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയപ്പോള്‍ താന്‍ പാര്‍ട്ടിക്ക് ഒപ്പം തന്നെയെന്ന് പറഞ്ഞു തുടങ്ങി, അവസാനമായപ്പോള്‍ വിമതനായി മാറിയ പ്രത്യേക പ്രതിഭാസമായിരുന്നു ഇന്നത്തെ ജി സുധാകരന്റെ വാര്‍ത്താസമ്മേളനം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉപയോഗിച്ച് തന്നെ വോട്ട് തേടുമെന്നാണ് അദ്ദേഹം പറയുന്നത്. ലക്ഷ്യം സിപിഎമ്മിനോട് വിമുഖതയുള്ള, ഭരണവിരുദ്ധ വികാരം ഉള്ളില്‍ പേറുന്ന നിക്ഷ്പക്ഷരായ ഒരു വിഭാഗത്തിന്റെ പിന്തുണയെന്ന് വ്യക്തം. പാര്‍ട്ടി അംഗത്വം ഇനി പുതുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറയുന്നതിലൂടെ, ഇനി സിപിഎം അംഗമല്ല സുധാകരന് എന്ന് മനസിലാക്കാം.






