കണ്ണൂർ: അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ നിലപാട് കടുപ്പിച്ച് കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം പോകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുംപിടുത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച എത്തണമെന്നായിരുന്നു നിർദേശം.
ആദ്യം ഡൽഹിയിലേക്ക് പോകാമെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ അവിടെ നടക്കുക അനുനയ നീക്കമാകുമെന്നും മത്സരിക്കാൻ അനുമതി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി യാത്ര ഒഴിവാക്കിയതെന്നാണ് സൂചന.
അതേസമയം കൂടുതൽ സമ്മർദം ഉണ്ടായാൽ അദ്ദേഹം ഡൽഹിയിലേക്ക് പോയേക്കാമെന്നും വിവരങ്ങളുണ്ട്. നിലവിൽ കണ്ണൂരിലെ വീട്ടിലായാണ് സുധാകരൻ. കണ്ണൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് അദ്ദേഹം ഉറച്ചുനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരുമായി ഉള്ള തന്റെ വൈകാരിക ബന്ധം വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പും കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചിരുന്നു.






