ജംഷദ്‌പൂർ: മുൻ ഇന്ത്യൻ നായകനും ഫുട്ബോൾ ഇതിഹാസവുമായ സുനിൽ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടമാണ് ഛേത്രി കൈവരിച്ചത്.
ബെംഗളൂരു എഫ്‌സിയ്ക്കായി ജംഷദ്‌പൂർ എഫ്‌സിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് താരം ചരിത്രനേട്ടം കുറിച്ചത്. ഇത് ഛേത്രിയുടെ 195-ാം ഐഎസ്എൽ മത്സരമായിരുന്നു.
41-കാരനായ താരം മത്സരത്തിന്റെ 85-ാം മിനിറ്റിൽ പകരക്കാരനായാണ് മൈതാനത്തിറങ്ങിയത്. 2025-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ലീഗിൽ തന്റെ മികവ് തുടരുന്നുവെന്നതിന് തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.






