ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ “തമിഴ് തായ് വാഴ്ത്തി”നെ അവഗണിച്ചുവെന്ന ആരോപണവുമായി ഡിഎംകെയും സിപിഐയും രംഗത്ത്. ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും “വന്ദേമാതരം” പൂർണരൂപത്തിൽ ആലപിച്ചപ്പോൾ തമിഴ് തായ് വാഴ്ത്തിന് അർഹമായ പ്രാധാന്യം നൽകിയില്ലെന്നാണ് ഇരുപാർട്ടികളും ആരോപിക്കുന്നത്. ദേശീയ ഗാനത്തിന് മുമ്പായാണ് വന്ദേമാതരം ആലപിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കി.
തമിഴ്നാട്ടിൽ ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ പിന്നിലാക്കി വന്ദേമാതരത്തിന് ഇത്രയും പ്രാധാന്യം നൽകുന്നത് ആദ്യമാണെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടി. ഇത് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള നടപടിയാണെന്നും പാർട്ടി ആരോപിച്ചു. “ഇതാണോ വിജയ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റം?” എന്നും ഡിഎംകെ പരിഹസിച്ചു.
സിപിഐ ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി. തമിഴ് ജനതയ്ക്ക് തമിഴ് തായ് വാഴ്ത്ത് ദേശീയ ഗാനത്തിന് തുല്യമായ പ്രാധാന്യമുള്ളതാണെന്നും, തമിഴ് സ്വത്വവുമായി ബന്ധപ്പെട്ട ഗാനത്തെ അവഗണിച്ചതിൽ സർക്കാർ വിശദീകരണം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ജനുവരി 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ ഗാനത്തിന് മുമ്പ് വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് നിർദേശിച്ചിരുന്നു. 1950 മുതൽ പ്രചാരത്തിലുണ്ടായിരുന്ന രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന രീതിക്ക് പകരമായാണ് ഈ നിർദേശം. ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും നിർബന്ധമാക്കുന്നതിനെ കോൺഗ്രസ് മുൻപ് എതിർത്തിരുന്നു. വിവാദത്തിൽ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.






