തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കും.
തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ തൃശ്ശൂര്‍ മാജിക് എഫ്.സി. മലപ്പുറം എഫ്.സിയെ നേരിടും. രണ്ടാം സെമിഫൈനൽ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയും കണ്ണൂര്‍ വാരിയേഴ്‌സും തമ്മിൽ ഏറ്റുമുട്ടും.
ഡിസംബർ 7നും 10നും നടത്താനിരുന്ന മത്സരങ്ങൾ തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ നിർദ്ദേശത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. രണ്ടു മത്സരങ്ങൾക്കും വലിയ തോതിൽ ആരാധകർ എത്താനിടയുണ്ടെന്നും, ഏത് തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും നേരിടാൻ ആവശ്യമായ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാൻ കഴിയില്ലെന്നും തൃശ്ശൂർ പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് സംഘാടകരെ അറിയിച്ചു.
ഇതിനെ അടിസ്ഥാനമാക്കി മത്സരങ്ങൾ തെരഞ്ഞെടുപ്പിന് ശേഷമായി മാറ്റാൻ തീരുമാനിച്ചു. ഫൈനൽ മത്സരത്തിന്റെ വേദിയും തീയതിയും പിന്നീട് അറിയിക്കും.










