ന്യൂഡൽഹി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോൾ മദ്രാസ് ഹൈക്കോടതി മുന്നോട്ടുവെച്ച അസാധാരണ വ്യവസ്ഥകൾ റദ്ദാക്കി സുപ്രീം കോടതി. രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ജാമ്യം നിൽക്കണമെന്നും, പ്രതി ഇനി ഒരിക്കലും കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് അവർ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കൂടാതെ, കോട്ടയം അതിരമ്പുഴ സ്വദേശിയായ പ്രതി എല്ലാ ദിവസവും രാവിലെ 10.30ന് തമിഴ്നാട്ടിലെ തേനി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയും സുപ്രീംകോടതി റദ്ദാക്കി.
പ്രതിക്ക് വിചാരണക്കോടതി പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ മരവിപ്പിച്ച് മാർച്ച് 23ന് ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതി ചുമത്തിയ വ്യവസ്ഥകൾ ചോദ്യം ചെയ്ത് പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച്, ഇത്തരം അസാധാരണ വ്യവസ്ഥകൾ ഏത് ഹൈക്കോടതിയാണ് ഏർപ്പെടുത്തിയതെന്ന് ചോദിച്ച് അത്ഭുതം രേഖപ്പെടുത്തി. “രാവിലെ തന്നെ എന്തെല്ലാം തരത്തിലുള്ള കേസുകളാണ് ഞങ്ങൾക്ക് പരിഗണിക്കേണ്ടിവരുന്നത്” എന്നും ബെഞ്ച് നിരീക്ഷിച്ചു.
പ്രതിക്കായി ഹാജരായ അഡ്വ. എം.ആർ. അഭിലാഷ്, ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾ നിയമസാധുതയില്ലാത്തതും പ്രായോഗികമല്ലാത്തതുമാണെന്ന് വാദിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ജാമ്യം നിൽക്കണമെന്നും അവർ സത്യവാങ്മൂലം സമർപ്പിക്കണമെന്നുമുള്ള വ്യവസ്ഥകൾ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ 485(1), 485(4) വകുപ്പുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകൾ റദ്ദാക്കണമെന്ന ആവശ്യത്തെ തമിഴ്നാട് സർക്കാർ എതിർത്തെങ്കിലും, പ്രതിക്ക് പാലിക്കാൻ കഴിയാത്ത വ്യവസ്ഥകളാണ് ഹൈക്കോടതി ഏർപ്പെടുത്തിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.











