ന്യൂഡൽഹി: യു എ പി എ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തപ്പെട്ട കേസുകളിലുപോലും ജാമ്യം ‘നിയമപരമായ അവകാശവും സ്വാഭാവിക നീതിയുടെ ഭാഗവുമാണ്’ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ (ആർട്ടിക്കിൾ 21) ബാധിക്കുന്ന തരത്തിൽ അനിശ്ചിതകാല തടങ്കൽ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്. നർക്കോ-ടെററിസം കേസിൽ അഞ്ച് വർഷത്തിലേറെയായി വിചാരണ തടവുകാരനായി കഴിയുന്ന ജമ്മു കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.
ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട മുൻ ജെ എൻ യു വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ കേസിലെ മുൻ വിധിയോട് ബെഞ്ച് വിയോജിപ്പ് രേഖപ്പെടുത്തി. ജാമ്യം നിഷേധിച്ച മുൻ ഉത്തരവുകളിലെ ചില കണ്ടെത്തലുകളിൽ കടുത്ത അതൃപ്തിയും കോടതി പ്രകടിപ്പിച്ചു.
വലിയ ബെഞ്ചുകളുടെ വിധികളെ ചെറിയ ബെഞ്ചുകൾ ലഘൂകരിക്കാനോ മറികടക്കാനോ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച കോടതി, നീണ്ടുനിൽക്കുന്ന വിചാരണ തടവ് ജാമ്യം അനുവദിക്കാനുള്ള ശക്തമായ കാരണമായി കാണണമെന്നും വ്യക്തമാക്കി. 2021ലെ കെ എ നജീബ് കേസിലെ ചരിത്രപരമായ വിധിയും കോടതി വീണ്ടും പരാമർശിച്ചു.
ഡൽഹി കലാപക്കേസിൽ 2026 ജനുവരി 5-ന് മറ്റൊരു ബെഞ്ച് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രാഥമിക തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയിരുന്നെങ്കിലും, മറ്റു ചില സഹപ്രതികൾക്ക് പിന്നീട് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ച സംഭവവും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.






