കൊല്ലം: വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം. അഞ്ച് പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷ്ടാക്കൾ കവർന്നു. കൊല്ലം മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനത്തിൽ തങ്കമണിയമ്മയുടെ വീട്ടിലാണ് സംഭവം.
തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തങ്കമണിയമ്മ ആശുപത്രിയിലായതിനാൽ സഹായി ദിവസവും വീട്ടിലെത്തി ഭക്ഷണം തയ്യാറാക്കി മടങ്ങുകയായിരുന്നു.
വീട്ടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് മോഷണവിവരം ആദ്യം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയുടെ പൂട്ടും തകർത്താണ് മോഷണം നടത്തിയത്. വീടിനുള്ളിലെ സിസിടിവി സംവിധാനവും ക്യാമറകളും അഴിച്ചുമാറ്റിയതായും കണ്ടെത്തി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ജില്ലയിൽ സമീപകാലത്ത് നടന്ന സമാന മോഷണശ്രമങ്ങളുമായി ബന്ധമുണ്ടോയെന്നും പതിവ് മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



