ഇടുക്കി: വനംവകുപ്പ് ഓഫീസിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വർഷമായിട്ടും തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശി അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ജെസിബിക്കുള്ളിൽ കയറി പ്രതിഷേധം ആരംഭിച്ചത്.
സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്. പ്രതിഷേധം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാണ് ആരോപണം.
2020ൽ വീടിന്റെ തറ നിർമ്മാണത്തിനിടെ സമീപത്തുണ്ടായിരുന്ന മൂന്ന് പാഴ്മരങ്ങൾ പിഴുതുമാറ്റിയെന്നാരോപിച്ചാണ് അന്നത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി കസ്റ്റഡിയിലെടുത്തത്. 500 രൂപ പിഴ ചുമത്തിയതോടൊപ്പം വാഹനം വനംവകുപ്പ് ഓഫീസിലെത്തിക്കാനും പിന്നീട് തിരികെ നൽകാമെന്നും അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ അഞ്ച് വർഷമായിട്ടും ജെസിബി വിട്ടുനൽകിയില്ലെന്നും നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്നും അജീഷ് ആരോപിച്ചു. ഇപ്പോഴും വാഹനത്തിന് സിസി അടയ്ക്കുന്നുണ്ട്. തന്റെ വിയര്‍പ്പാണ് ഈ കാടുകയറി നശിക്കുന്നതെന്ന് അജീഷ് പറയുന്നു.



