കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ച നേതാവാണ് സുരേഷ് കുറുപ്പ്. എന്നാൽ, സിപിഎമ്മുമായി ഏറെ നാളുകളായി ഇടഞ്ഞുനിൽക്കുകയാണ് അദ്ദേഹം. വിഎസ് അച്യുതാനന്ദന്റെ മരണത്തിനു ശേഷവും പാർട്ടിയെ പ്രതിസന്ധിയിലാക്കി സുരേഷ് കുറുപ്പ് പ്രതികരണം നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ആലപ്പുഴ സംസ്ഥാന സമ്മേളനത്തൽ ഒരു യുവ വനിതാനേതാവ് ആവശ്യപ്പെട്ടെന്നായിരുന്നു മുൻ എംഎൽഎ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.
ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്‌മെൻറ് പരാമർശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്. യുവ വനിതാ നേതാവാണ് പരാമർശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമർശത്തിന് പിന്നാലെ വിഎസ് സമ്മേളനം ബഹിഷ്‌കരിച്ച് പുന്നപ്രയിലെ കുടുംബ വീട്ടിലേക്ക് പോവുകയായിരുന്നെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപോയത് അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല.
പറയാനുള്ളതെല്ലാം ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലിന് ഇല്ലെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. കൊച്ചുമക്കളുടെ പ്രായയമുള്ളവർ സമ്മേളനങ്ങളിൽ നിലവിട്ട ആക്ഷേപങ്ങളുന്നയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് കെ സുരേഷ്‌കുറുപ്പ് വിവാദ പരാമർശത്തിലേക്ക് കടക്കുന്നത്. വിഎസിനെപ്പറ്റിയുള്ള ഓർമകൾ പങ്കുവെച്ചുള്ള ലേഖനത്തിലായിരുന്നു സുരേഷ് കുറിപ്പിന്റെ വിവാദ വെളിപ്പെടുത്തൽ. മുൻപ് കോട്ടയം ജില്ലാ സമ്മേളനത്തിൽ തന്നെ നേതൃത്വം ബോധപൂർവ്വം അവഗണിച്ചതിൽ സുരേഷ് കുറുപ്പിന് കടുത്ത അമർഷം ഉണ്ടായിരുന്നു. അതിനുശേഷം പാർട്ടിയുടെ എല്ലാ പരിപാടികളിൽ നിന്നും സുരേഷ് കുറുപ്പ് വിട്ടുനിൽക്കുകയാണ്.
കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തിൽ നിന്നും സുരേഷ് കുറുപ്പിനെ ജില്ലാ കമ്മിറ്റിയിൽ നിന്നടക്കാം ഒഴിവാക്കിയിരുന്നു. പാമ്പാടിയിൽ നടന്ന സമ്മേളനത്തിൽ ഇത്തരമൊരു തീരുമാനം ഉണ്ടായതിൽ അദ്ദേഹം അസ്വസ്ഥനുമായിരുന്നു. സമകാലീനർ ജില്ലാ കമ്മിറ്റിയിൽ എത്തിയപ്പോൾ സുരേഷ് കുറുപ്പിനെ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത്. ആലപ്പുഴയിൽ നിന്നും നേരത്തെ വിജയിച്ച ഡോ. കെ എസ് മനോജിന്റെ പാതയിലാണോ കുറുപ്പിന്റെ സഞ്ചാരം എന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ വലിയ സഹതാപ തരംഗം ഉണ്ടായിട്ടും കേരളത്തിൽ നിന്നും വിജയിച്ച ഏക ഇടതുപക്ഷ നേതാവ് സുരേഷ് കുറുപ്പ് ആയിരുന്നു. നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ കോട്ടയം മണ്ഡലത്തെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്ന നേതാവ് കൂടിയാണ് സുരേഷ് കുറുപ്പ്. വളരെ സൗമ്യനും ജനകീയനുമായ നേതാവ് കൂടിയാണ് അദ്ദേഹം. ഇതിനിടയിൽ അദ്ദേഹം കോൺഗ്രസിലേക്ക് എന്ന തരത്തിലുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നേതാക്കളുമായി അദ്ദേഹം തുടങ്ങിയതായും അറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുവാനാണ് നേതാക്കൾ ആലോചിക്കുന്നത്. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോട്ടയത്ത് പാർട്ടിക്കുള്ളിൽ പ്രതിസന്ധിയാണ്. ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള സുരേഷ് കുറുപ്പ് എന്ന നേതാവിനെ മുന്നിൽ നിർത്തിയാൽ കോട്ടയത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ പാർട്ടിക്ക് കഴിയുമെന്ന് നേതാക്കൾ വിശ്വസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ അദ്ദേഹത്തെ പരിഗണിക്കുന്നതായും അറിയുന്നു.
ഏറ്റുമാനൂരിൽ കഴിഞ്ഞതവണ വി എൻ വാസവൻ 14303 വോട്ടിനാണ് ജയിച്ചുകയറിയത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് 43976 വോട്ടും ബിജെപിയുടെ ടി.എന്‍. ഹരികുമാര്‍ 13,747 വോട്ടും സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷ് 7624 വോട്ടും നേടിയിരുന്നു. യുഡിഎഫിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലി 2021ൽ പോരുമുറുകിയിരുന്നു. കേരള കോൺഗ്രസിനു വിട്ടുനൽകിയ സീറ്റിൽ പ്രിൻസ് ലൂക്കോസിനെ പ്രഖ്യാപിച്ചതോടെ ഇടഞ്ഞ ലതിക സുഭാഷ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ തല മുണ്ഡനം ചെയ്തതും സ്വതന്ത്രയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. ലതികയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ദോഷമായി ഭവിക്കുകയും ചെയ്തു.
അതേസമയം, സുരേഷ് കുറുപ്പ് കോൺഗ്രസിലേക്ക് എത്തി ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായാൽ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയം നേടുവാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിലുള്ള കോൺഗ്രസിന്റെ അടിസ്ഥാന വോട്ടുകളും സുരേഷ് കുറുപ്പിന്റെ സ്വീകാര്യതയും സർക്കാരിനെതിരെയുള്ള ജനവിരുദ്ധതയും അതേപോലെ പ്രവർത്തിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിന് വിജയിക്കുവാൻ കഴിയുമെന്ന് തന്നെയാണ് നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്. അപ്പോഴും നിലവിൽ കേരള കോൺഗ്രസിന്റെ കൈവശമുള്ള സീറ്റ് എങ്ങനെ കോൺഗ്രസ് ഏറ്റെടുക്കും എന്നതിലാണ് ആശങ്ക.
കോൺഗ്രസ് തന്നെ അവിടെ വീണ്ടും മത്സരിച്ചാൽ യാതൊരുവിധ വിജയസാധ്യതയും ഇല്ല. കോൺഗ്രസുകാർ പോലും കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുവാൻ സാധ്യതയില്ല. ഏറെക്കുറെ മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായാണ് അറിയുന്നത്. സുരേഷ് കുറുപ്പ് ഏതെങ്കിലും തരത്തിൽ കോൺഗ്രസിലേക്ക് വന്നാൽ കോട്ടയത്തെ സിപിഎമ്മിന് ഇതിലും വലിയ തിരിച്ചടി വേറെ കിട്ടാനില്ല. മാത്രവുമല്ല സുരേഷ്കുറുപ്പിന്റെ കടന്നുവരവ് ഒരുപക്ഷേ വി എൻ വാസവനെ ഏറ്റുമാനൂരിൽ അടിതെറ്റിക്കുവാനും സാധ്യതയുണ്ട്.




