ആലപ്പുഴ: അർജന്റീന സ്വദേശിനിയായ വിനോദസഞ്ചാരിയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ പുരവഞ്ചി ജീവനക്കാരൻ അറസ്റ്റിൽ. തകഴി ചിറയകം മുട്ടുങ്കൽ വീട്ടിൽ കെ. അഭിലാഷിനെയാണ് നെടുമുടി പോലീസ് പിടികൂടിയത്. ഇയാൾ 1600 ഡോളർ മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി. ചമ്പക്കുളത്തെ ഒരു റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള പുരവഞ്ചിയിലായിരുന്നു വിദേശ വനിതയും സംഘവും താമസിച്ചിരുന്നത്. അർജന്റീനയിൽ നിന്നുള്ള 15 അംഗ സംഘത്തിലെ അംഗമാണ് പരാതിക്കാരി.
മാർച്ച് 21-ന് വൈകീട്ട് പുരവഞ്ചി നിർത്തിയ ശേഷം സംഘം റിസോർട്ടിലെ നീന്തൽക്കുളത്തിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇതോടെ ജീവനക്കാരനായ അഭിലാഷ് മുറി തുറന്ന് ബാഗിൽ നിന്ന് പണം കൈക്കലാക്കിയതായാണ് പോലീസ് പറയുന്നത്. മോഷണത്തിന് മുമ്പ് ബോട്ടിലെ സിസിടിവി ക്യാമറ ഓഫാക്കിയതായും കണ്ടെത്തി.
പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വിനോദസഞ്ചാരി നെടുമുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ബോട്ടിലെ എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്തപ്പോഴാണ് അഭിലാഷാണ് പ്രതിയെന്ന് വ്യക്തമായത്. ഇയാൾ ഒളിപ്പിച്ചുവെച്ചിരുന്ന പണം പോലീസ് പിന്നീട് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ. രാജേഷ്, നെടുമുടി സി.ഐ. എം.എ. ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.






