തൃശ്ശൂർ: മാളയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും (കണ്ണൻ) കൂട്ടാളിയും റിമാന്റിൽ. എതിർദിശയിൽ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി സൈഡ് ആക്കിയതിനെ തുടർന്ന് ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. ടിപ്പർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറായ പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കുഴികണ്ടത്തിൽ വീട്ടിൽ ഷഫീഖ് (55) എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രവീൺ (43), നാരായണമംഗലം സ്വദേശി പാച്ചേരി വീട്ടിൽ അമൽ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രവീൺ (കണ്ണൻ) മാള, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് അടിപിടിക്കേസിലും, ആശുപത്രിയിൽ അതിക്രമം നടത്തി ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും, ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനായി നടപടിടെയുത്ത രണ്ട് കേസ്സുകളിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
അമൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലെ പ്രതിയാണ്. മാള പോലീസ് സ്റ്റേഷൻ എസ് ഐ മാരായ റഷീദ്, വിനോദ് കുമാർ, എ എസ് ഐ ഷാലി ബാബു, ജി എസ് സി പി ഒ ദിബീഷ്, വഹദ്, കിരൺ, നവീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.






