ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് ജനതയുടെ പ്രിയതാരം വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചു ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 120 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് സർക്കാരുണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്, മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷം തികച്ചത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പെരമ്പൂർ സീറ്റ് നിലനിർത്തിയ താരം തിരുച്ചിറപ്പള്ളി ഈസ്റ്റിലെ നിയമസഭാംഗത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ‘ജനനായകൻ’ സിനിമയുടെ നിർമാതാവ് വെങ്കിട്ട് കെ. നാരായണൻ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചു. സിനിമ നിലവിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) പരിഗണനയിലാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ പ്രതിസന്ധികൾ നിർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്‌നാടിനെ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും ഈ സിനിമയെന്നും നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന വ്യക്തിയാണ് വിജയിയെന്നും നിർമ്മാതാവ് പ്രശംസിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആരാധകരും പൊതുജനങ്ങളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രമാണ് ജനനായകൻ. ഭരണത്തലവനായി ചുമതലയേറ്റതിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം വന്നത് തമിഴ് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.






